മയില്‍പ്പീലി
പി.എം. ചന്ദ്രന്‍ കീഴ്പയ്യൂര്‍
കൈത്തണ്ടയിലുറവയിട്ട വിയര്‍പ്പുകണങ്ങളില്‍ വെയില്‍ തട്ടി മിന്നിത്തിളങ്ങുന്നത് ചൂടു സഹിച്ചുകൊണ്ട് ആസ്വദിച്ചു - വെറുതെ, ഒരു കൗതുകം പോലെ. വെയിലില്‍ കൈ കരുവാളിച്ചിരുന്നു. ഒരിത്തിരിയെങ്കിലും തണല്‍ കാണണമെങ്കില്‍ ഇനിയും ഏറെ ദൂരം പോകേണ്ടിവരും. അടുത്തെങ്ങും ഒരു മരച്ചില്ലയുടെ ലക്ഷണമില്ല. കുറ്റിച്ചെടികള്‍ വാടിക്കരിഞ്ഞിരിക്കുന്നു. വിജനവും വിശാലവുമായ ഒരു വന്‍കര പോലെ. ദയനീയമായ ഒരു കാഴ്ച.
ഇടതുഭാഗത്ത് സിംഗിള്‍ സീറ്റിലിരിക്കുന്ന മധ്യവയസ്‌കനെ നോക്കി. അയാള്‍ ബുദ്ധിമാനാണ്.
ചിലര്‍ സീറ്റ് തെരെഞ്ഞെടുക്കുന്നത് ഇങ്ങനെയാണ്. യാത്ര ചെയ്യേണ്ട ദിശയും സമയവും നോക്കി വെയില്‍ എവിടെ വരും എന്ന് മുന്‍കൂട്ടികാണും. ആ മനുഷ്യനോട് ചെറുതായെങ്കിലും ഒരസൂയ തോന്നി. നഷ്ടബോധത്തിന്റെ ഊറിയ ചിരിയും.
അത്രയ്ക്കു ചിന്തിച്ചില്ല.
ജനലില്‍ നിന്നും കൈയെടുത്ത് മാറ്റി. വിയര്‍പ്പില്‍ നനഞ്ഞ കൈതണ്ടയിലൂടെ ഒഴുകി വരുന്ന നീര്‍ച്ചാലിന് നിറം കറുപ്പായിരുന്നു.
രക്തത്തില്‍ നിന്നും ഉറവയിടുന്നതത്രേ വിയര്‍പ്പു കണങ്ങള്‍. പിന്‍പോക്കറ്റില്‍ നിന്നും തൂവാലയെടുത്ത് കൈ തുടച്ചു.
''എന്തൊരു നാറ്റം...?'' ഇതിനി ഉപയോഗിക്കാന്‍ പറ്റില്ല.
ഒരു ദീര്‍ഘശ്വാസത്തില്‍ തെല്ലൊരാശ്വാസം കണ്ടെത്തി. ഒന്നും സംഭവിച്ചില്ല. കാലുറയൂരി ഷൂസിനകത്ത് വെച്ച് സീറ്റിനടിയിലേക്ക് തള്ളിനീക്കി.
മണിക്കൂറുകളോളം ഷൂസിനകത്തിരുന്നതിനാലാകാം, പാദങ്ങള്‍ വെളുത്ത് വിളറിയിരുന്നു. കറുത്ത കൈത്തണ്ടകള്‍ക്ക് വെളുത്ത പാദങ്ങളോട് തോന്നുന്നതെന്താകാം?
പാന്റ്‌സിനറ്റം മുട്ടുവരെ തിരുകി കയറ്റി കാലുകള്‍ സീറ്റിനുമുകളില്‍ കയറ്റിവെച്ചു. സഹയാത്രികര്‍ നീരസത്തോടെ നോക്കുന്നത് കണ്ടപ്പോള്‍ പൂര്‍വ്വസ്ഥിതിയിലേക്ക് മാറി. വിയര്‍പ്പില്‍ കുതിര്‍ന്ന കാലുറയുടെ ഗന്ധം രൂക്ഷവും അസഹ്യവുമായിരുന്നു.
ബാഗില്‍ നിന്നും ഒരു മാഗസിനെടുത്ത് വെറുതെ പേജുകള്‍ മറിച്ചു.
ഈയിടെയായി ഇംഗ്ലീഷ് മാഗസിനുകളോടും ഇംഗ്ലീഷ് സിനിമകളോടും വലിയ കമ്പമാണ്. ആല്‍ഫ്രഡ് ഡിസ്‌കോക്, ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോള, മാക്‌നല്‍ ബാഫ്... അങ്ങനെ പോകുന്നു ഇഷ്ടനാമങ്ങള്‍. ഒരു സുഹൃത്തില്‍നിന്നും കിട്ടിയതാണ് ഈ പാശ്ചാത്യ പ്രേമം.
കഴിഞ്ഞ ആറ് മാസത്തിനകം കണ്ടത് നൂറ്റിഅന്‍പതിലേറെ ഇംഗ്ലീഷ് സിനിമകള്‍. അതിലെ നിശ്ചലദൃശ്യങ്ങളുടെ കാണാപ്പുറങ്ങള്‍ തേടിയുള്ള അന്വേഷണാതുകമായ ഒരു യാത്ര.
ഒരു കൗതുകത്തിന് തുടങ്ങിയതാണ്. എന്നാല്‍ ഇന്ന് ഇതൊരു ലഹരിയായി മാറി.
വിഡിയോ ലൈബ്രറികളില്‍ നിന്നും സി.ഡികള്‍ വാടകയ്‌ക്കെടുത്ത് കാണുകയായിരുന്നു പതിവ്. ഇപ്പോള്‍ അവ വില കൊടുത്ത് വാങ്ങാന്‍ തുടങ്ങി.
മാഗസിന്റെ പേജുകളില്‍ ചിലയിടങ്ങളില്‍ പേനകൊണ്ട് അടിവരയിട്ടതും അടയാളപ്പെടുത്തിയതും
അസ്വസ്ഥമായ മനസ്സ്.
മാഗസിന്‍ തിരികെ ബാഗില്‍ വെച്ചു. കണ്ണടച്ച് പിന്‍സീറ്റിലേക്ക് ചാരിയിരുന്നു. മൂക്കിനു മുകളില്‍ വെറുതെയിരിക്കുന്നു സണ്‍ഗ്ലാസ്.
യാത്രക്കാരില്‍ ഏറെപ്പേരും ഏതോ തീര്‍ത്ഥാടനം കഴിഞ്ഞു വരുന്നവരായിരുന്നു. ഇടയ്ക്കിടെ ചില സംസ്‌കൃത ശകലങ്ങള്‍ അവര്‍ ഉരുവിടുന്നത് പതിയെ കേള്‍ക്കാം.
ശുദ്ധികലശം ചെയ്ത് പാകപ്പെടുത്തിയ ശരീരവും മനസ്സും ദൈവസന്നിധിയില്‍ സമര്‍പ്പിച്ച്, ദീര്‍ഘനാളത്തെ കഠിന വ്രതത്തില്‍ നിന്നും മോചനം നേടി ഒരു തിരിച്ചുവരവ്.
വര്‍ത്തമാനകാലത്തിലെ യഥാര്‍ത്ഥ കാഴ്ചകള്‍ അവര്‍ പങ്കുവെച്ചു. തോള്‍സഞ്ചിയില്‍ കരുതിയ കുപ്പി വെള്ളമെടുത്ത് അവരോരോരുത്തരായി തൊണ്ട നനച്ചു. തൊണ്ടയിലൂടെ ഊര്‍ന്നിറങ്ങുന്ന വെള്ളത്തിന്റെ രുചി വ്യത്യാസം മുഖത്ത് പ്രകടമായി കാണാം. ഒരു നീളന്‍ ഹോണടിച്ചുകൊണ്ട് ട്രെയിന്‍ യാത്ര തുടരുകയാണ്.
കാല്‍മുട്ടുകള്‍ക്കിടയിലിറുക്കി വെച്ച സ്റ്റീല്‍ പാത്രത്തില്‍നിന്നും പേപ്പര്‍ ഗ്ലാസിലേക്ക് പകര്‍ന്ന ചായ വെച്ചു നീട്ടിയത് ഒരെണ്ണം വാങ്ങി. ഒരു പാക്കറ്റ് ബിസ്‌കറ്റും. അടുത്ത സീറ്റില്‍ ഇരിക്കുന്ന ഒരു കൊച്ചു ബാലന്‍ ശ്രദ്ധിക്കുന്നതറിഞ്ഞപ്പോള്‍ ഒരു പ്രയാസം തോന്നി. ഒരു അപരാധം ചെയ്തപോലെ. ചെറുപ്പം മുതലേ എല്ലാം പങ്കുവെച്ചായിരുന്നു ശീലം. വീട്ടിലുണ്ടാക്കി, വാട്ടിയ വാഴയിലയില്‍ പൊതിഞ്ഞു കെട്ടികൊണ്ടുവരുന്ന തേങ്ങ ചമന്തി, കൂട്ടുകാരുമൊത്ത് പങ്കിടുന്നതിലും, ഗോതമ്പ് റവയില്‍ ഒരു പങ്ക് കാക്കകള്‍ക്കും, മൈനകള്‍ക്കുമായി എറിഞ്ഞു കൊടുക്കുന്നതിലും പങ്കുവെക്കലിന്റെ ഒരു സുഖം ഉണ്ടായിരുന്നു.
ബിസ്‌കറ്റില്‍ രണ്ടെണ്ണമെടുത്ത് സ്‌നേഹപൂര്‍വ്വം വെച്ചു നീട്ടി.
''ഹേ മനുഷ്യാ... നിങ്ങള്‍ എനിക്ക് തികച്ചും അപരിചിതനാണ്. അപരിചിതരില്‍ നിന്നും മിഠായിയും മറ്റും വാങ്ങിക്കഴിക്കുന്നതും അവരോട് ചങ്ങാത്തം കൂടുന്നതും അമ്മ വിലക്കിയ കാര്യം നിങ്ങള്‍ക്കറിയില്ലേ...''
നിഷേധാര്‍ത്ഥത്തില്‍ തല തിരിച്ച് അടുത്തിരിക്കുന്ന അമ്മയെ ഇടം കണ്ണിട്ട് നോക്കിയപ്പോള്‍ ആ മുഖത്ത് നിന്നും ഇതില്‍ കുറഞ്ഞതൊന്നും വായിച്ചെടുക്കാന്‍ കഴിഞ്ഞില്ല.
ആ കണ്ണുകളില്‍ ഒരു സഹയാത്രികനോടുള്ള സ്‌നേഹസംവാദത്തിന്റെ ചെറുനാമ്പുകളെങ്കിലും ഉണ്ടായിരിക്കില്ലേ...? ഉണ്ടാകും. ഒരു ദുര്‍വിധിയായി അവയെല്ലാം എരിഞ്ഞടങ്ങുന്നത് സാഹചര്യങ്ങളുടെ പ്രേരണകൊണ്ടാകാം.
ചില യാത്രക്കാര്‍ പെട്ടെന്ന് ചങ്ങാതിമാരാകും. വീട്ടുവിശേഷങ്ങള്‍... യാത്രവിശേഷങ്ങള്‍... എല്ലാം അവര്‍ എളുപ്പം ചോദിച്ചറിയും. അഞ്ചുമിനിറ്റിനുള്ളില്‍ അഞ്ചുവര്‍ഷത്തെ പരിചയമുള്ളവരായി മാറും. അടുത്ത ദിവസം പത്രങ്ങളെഴുതും - ശീതളപാനീയത്തില്‍ മയക്കുമരുന്നു നല്‍കി യാത്രക്കാരെ കൊള്ളയടിച്ചതായി വാര്‍ത്ത. എല്ലാം തുടര്‍ക്കഥയായി വരുന്ന ഇത്തരം സംഭവങ്ങള്‍ പലരെയും ഒരു നല്ല സഹയാത്രികനാകാനുള്ള അവസരങ്ങളില്‍നിന്നും പിന്തിരിപ്പിക്കുന്നു. ആള്‍ക്കൂട്ടത്തില്‍ തനിച്ചിരുന്ന് ഏകാന്തതയെ പഴിക്കേണ്ടിവരുന്ന ഒരു സാമൂഹ്യജീവിയുടെ ദുരവസ്ഥ.
ആ ബാലന്‍ ഓരോരുത്തരേയും മാറിമാറി ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
കണ്ണുകള്‍ തീക്ഷ്ണമാണെന്നപോലെ തോന്നി. അവനിട്ടിരിക്കുന്ന ഉടുപ്പില്‍ അവനറിയാതെ എന്തൊക്കെയോ എഴുതിവെച്ചിരുന്നു. വിവിധ ലിപികളിലെ വിവിധ അക്ഷരങ്ങളായിരുന്നു അവ. അതിനു മുകളില്‍ അണിഞ്ഞ മേലങ്കിയുടെ ബട്ടണ്‍ അഴിച്ചിട്ടിരിക്കുന്നു. അരയില്‍ ബെല്‍ട്ടിട്ടു മുറുക്കിയ പാന്റ്‌സ്. നീളം കൂടിയതിനാല്‍ അതിനറ്റം മടക്കി വെച്ചിട്ടുണ്ട്. ഒരു തികഞ്ഞ ഏകാധിപതിയുടെ വേഷവിധാനം. കൈയില്‍ കെട്ടിയ കളികോപ്പു വാച്ചിലെ നിശ്ചല സമയം നോക്കി അവന്‍ അമ്മയെ വിളിച്ചു.
ഒരു ചെറു മയക്കത്തിലായിരുന്ന അമ്മ അവനെ കാല്‍മുട്ടുകള്‍ക്കിടയിലേക്ക് ചേര്‍ത്തു വെച്ചു. ബാഗില്‍നിന്നും രണ്ട് ചോക്‌ലേറ്റെടുത്ത് കൈയില്‍ കൊടുത്തു. അവനതു വാങ്ങി.
ജനലഴികളിലൂടെ പുറത്തേക്ക് നോക്കി വിശാലമായി കിടക്കുന്ന മണല്‍പ്പരപ്പ്. ഉച്ച സൂര്യന്റെ തീവ്രകിരണങ്ങള്‍ മണലില്‍ പതിച്ചതിന്റെ തിളക്കം കണ്ണിനെ അലോസരപ്പെടുത്തിയിരുന്നു.
പാലത്തിലൂടെ പതിയെ നീങ്ങുന്ന തീവണ്ടിയുടെ ശബ്ദം ഇടിമുഴക്കം പോലെ ഭയപ്പെടുത്തുന്നു. ദൂരെ മണല്‍പരപ്പില്‍ അങ്ങിങ്ങായി ഒറ്റപ്പെട്ടുകിടക്കുന്ന ചെറു ജലശേഖരങ്ങള്‍. അതിനുചുറ്റും കൂടിനിന്ന് നിമിഷങ്ങള്‍ ആഘോഷമാക്കുന്ന ദേശാടന പക്ഷികള്‍. വെള്ളത്തില്‍ ചിറകിട്ടടിച്ച് ദേഹം തണുപ്പിക്കുന്ന നാടന്‍ മൈനകള്‍.
ഒരു കൊറ്റി ആവശ്യത്തിലധികം വെള്ളം കുടിക്കുന്നത് തെല്ലൊരത്ഭുതത്തോടെ നോക്കി.
നാളെ പ്രഭാതത്തില്‍ ഇതും വറ്റിപ്പോയെങ്കിലോ?
ഒരു വെള്ളാരം കല്ലില്‍നിന്നും പ്രതിഫലിച്ച പ്രകാശം കണ്ണിലേക്ക് തുളച്ചുകയറി.
ഇതുവഴി ഒരു പുഴ ഒഴുകിയിരുന്നു എന്ന് വിശ്വസിക്കാന്‍ വയ്യ.
''പുഴ നിറഞ്ഞുകവിഞ്ഞൊഴുകിക്കൊണ്ടിരിക്കും. അനേകായിരം ജീവജാലങ്ങളുടെ ഒരു ആവാസകേന്ദ്രമാണ് പുഴ. ഒരു നാടിന്റെ സംസ്‌കാരം ഉടലെടുക്കുന്നത് ഇത്തരം പുഴകളില്‍ നിന്നുമാണ്. കണ്ടല്‍ക്കാടുകളുടെ സമൃദ്ധമായ നിരയാണ് പുഴകളെ സംരക്ഷിച്ചുപോകുന്നത്.
സ്‌കൂളില്‍ പഠിച്ചത് വെറുതെ ഓര്‍ത്തെടുത്തു നോക്കി. എന്തൊരു വിരോധാഭാസം.
''നോക്കൂ... ആ കാണുന്നതല്ലേ ഥാര്‍ മരുഭൂമി...? ആ കുട്ടി അമ്മയോട് ചോദിക്കുന്നത് സങ്കല്‍പിച്ചു നോക്കി. അല്ല അവന്‍ നോക്കിയപ്പോള്‍ മുഖത്ത് ആ ചോദ്യം ഉള്ളതുപോലെ തോന്നി. ആ അമ്മയ്ക്ക് ഉത്തരം മുട്ടുന്നു. മകന്റെ കണ്ണുവെട്ടിക്കാന്‍, ഉയര്‍ന്നു പൊങ്ങുന്ന പുകക്കുഴലുകളെ ആ അമ്മ കാട്ടിക്കൊടുക്കുന്നു. വ്യാവസായികാധിപത്യത്തിന്റെ ധൂമകൂപങ്ങള്‍ പ്രവഹിക്കുന്ന അംബരചുംബികളായ പുകക്കുഴലുകള്‍. അവനതു ശ്രദ്ധിക്കുന്നില്ല. കൈവെള്ളകള്‍ക്കിടയില്‍ വെച്ച് ഒരു മയില്‍പ്പീലി വെറുതെ തിരിച്ചു രസിക്കുകയാണ്. ഒരായിരം വര്‍ണ്ണങ്ങള്‍ ചിതറി തെറിക്കുന്ന വിസ്മയകരമായ കാഴ്ച അവനാസ്വദിക്കുന്നു.
യാത്രക്കാര്‍ക്കിടയിലൂടെ വെറുതെ നടന്നിറങ്ങി.
സന്ധികളില്‍ നീരിറക്കത്തിന്റെ പിടുത്തം. യാത്രക്കാരെല്ലാം ക്ഷീണിതരായിരുന്നു.
ടാപ്പില്‍നിന്നും വെള്ളമെടുത്ത് മുഖം കഴുകി.
ചൂടുള്ള വെള്ളം
പിന്‍പോക്കറ്റില്‍ നിന്നും ചീപ്പെടുത്ത്, അലക്ഷ്യമായി പാറി നടക്കുന്ന തലമുടി, വെയിലത്തു വെട്ടിത്തിളങ്ങുന്ന കഷണ്ടിയില്‍ ഒതുക്കി വെച്ചു. ചൂടുവെള്ളത്തില്‍ നനഞ്ഞ മുടി പൂര്‍ണ്ണമായും അനുസരണ കാണിച്ചു.
മീശ കോതിയൊതുക്കി, സണ്‍ഗ്ലാസെടുത്ത് മൂക്കിന്‍മേല്‍ വെച്ച് നിവര്‍ന്ന് നിന്ന് കണ്ണാടി നോക്കി.
''യെസ്, ഗുഡ് ലുക്കിംഗ്'' ഇടം തിരിഞ്ഞും വലം തിരിഞ്ഞും നോക്കി കൃതാവിലൂടെ ഒലിച്ചിറങ്ങിയ വെള്ളം കീഴ്ത്താടിയില്‍ തൂങ്ങി നിന്നു. വഴുതി വീഴാനൊരു തൂവല്‍ സ്പര്‍ശം മാത്രം ബാക്കി. ചൂണ്ടുവിരലിന്നറ്റത്തേക്ക് പകര്‍ന്നെടുത്ത് വിരലറ്റം തള്ളവിരലോടു ചേര്‍ത്തുവെച്ചു. മന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ട് മരച്ചുവട്ടിലിരിക്കുന്ന സന്ന്യാസിമാരുടെ കൈമുദ്രയാണ് അപ്പോള്‍ ഓര്‍മ്മ വന്നത്.
ഇറ്റി വീഴാന്‍ പോകുന്ന നീര്‍ത്തുള്ളിയെ സൂക്ഷ്മമായി നിരീക്ഷിച്ചു. മാറിമാറി വരുന്ന പ്രകാശകിരണങ്ങളില്‍ നിന്നും മഴവില്ലു വിരിയിച്ചു കൊണ്ടിരിക്കുകയായിരുന്നു അപ്പോള്‍ അത്. ഒരു മയില്‍പ്പീലി പോലെ മനോഹരം.
തള്ള വിരലില്‍ ചേര്‍ത്ത് പിടിച്ച വിരലറ്റം ശക്തിയായി മുന്നോട്ട് ചിതറിത്തെറിച്ച് അന്തരീക്ഷത്തില്‍ ലയിച്ചുചേര്‍ന്ന ആ ജലകണങ്ങള്‍ മഴമേഘം തേടി അകലുന്നത് ഏറെ നേരം നോക്കിനിന്നു.
ഒരു മന്ദസ്മിതം.
പുഴയുടെ നെഞ്ചില്‍ കുത്തിയിറക്കിയ നീളന്‍ കോണ്‍ക്രീറ്റ് കാലില്‍ പടുത്തുയര്‍ത്തിയ ഇരുമ്പുപാലത്തിലൂടെ ചീറിപ്പാഞ്ഞുകൊണ്ട് ട്രെയിന്‍ അതിന്റെ ആധിപത്യം തുടരുന്നു. ഒരു വിളിപ്പാടകലെ മരണം കാത്തുകിടക്കുന്ന പുഴ.
തീര്‍ത്ഥാടകരായ യാത്രക്കാര്‍ വട്ടമിട്ടിരുന്നു ഭക്ഷണം കഴിക്കുകയാണ്. വിശപ്പില്ലാത്തതിനാല്‍ ആ വഴി ചിന്ത പോയില്ല.
പത്രമെടുത്ത് നിവര്‍ത്തി വെറുതെ പേജുകള്‍ മറിച്ചുനോക്കി. ഇന്നിത് മൂന്നാവര്‍ത്തി വായിച്ചതാണ്. മടുപ്പ് തോന്നിയതിനാല്‍ മടക്കി ബാഗില്‍ വെച്ചു. സീറ്റില്‍ ചാരിയിരുന്ന് വെയിലിന്റെ ചൂടും ക്ഷീണവും കാരണം മെല്ലെ ഒന്നു മയങ്ങിപ്പോയി. ഉയര്‍ന്നുപൊങ്ങിയും അമര്‍ന്നുതാണും, ഒരു ഊഞ്ഞാലാട്ടത്തിന്റെ സുഖം പകര്‍ന്നുകൊണ്ട് ട്രെയിന്‍ നീങ്ങുന്നു. വലിയ വേഗത്തില്‍ അന്തര്‍ലീനമായികിടക്കുന്ന നിശ്ചലത്വം.
''അടുത്തത്...?''
വൃദ്ധനായ ഒരു യാത്രികന്റെ ചോദ്യം കേട്ട് ചുറ്റും നോക്കി. സ്റ്റേഷന്റെ പേരുപറഞ്ഞ് വീണ്ടും കണ്ണടച്ച് ഇരുന്നു.
ട്രെയിന്‍ ഒരു പ്രധാന സ്റ്റേഷനോടടുക്കുകയാണ്. ബാഗും തോളിലിട്ട് യാത്രക്കാര്‍ വാതിലിനടുത്തേക്ക് നീങ്ങുന്നു. മുകളിലത്തെ റാക്കില്‍ പെട്ടിയും ബാഗും സുരക്ഷിതമാണെന്നുറപ്പുവരുത്തി. ആളുകളുടെ ബഹളം കൂടിവരുന്നു. ഏറെ നേരം കാത്തിരുന്നവര്‍ വാച്ചില്‍ നോക്കി എന്തെല്ലാമോ ഉള്ളില്‍ പറയുന്നുണ്ട്.
പ്ലാറ്റ്‌ഫോമില്‍ യാത്രക്കാരുടെയും അല്ലാത്തവരുടെയും നല്ല തിരക്ക്. നീണ്ട ഇടവേളയ്ക്ക് ശേഷം കിട്ടിയ തണല്‍ നന്നായി ആസ്വദിച്ചു. ജനലിലൂടെ വെച്ചുനീട്ടിയ ചായ ഒരെണ്ണം വാങ്ങി. കൃത്യമായി ചില്ലറ എടുത്തുകൊടുത്തപ്പോള്‍ അയാള്‍ക്ക് സന്തോഷം തോന്നിയപോലെ. ഒരു ചെറുചിരി ചിരിച്ച് 'ചായ, ചായ' എന്ന് പ്രത്യേക ഈണത്തില്‍ വിളിച്ചുകൊണ്ട് നടന്നകന്നു. ഒന്ന് രണ്ട് ചായ കൂടെ ചെലവായിക്കാണും, അപ്പോഴേക്കും വണ്ടി ഓടിത്തുടങ്ങി.
ഒരു സീറ്റ് തരപ്പെട്ടുകിട്ടാന്‍ പാടുപെടുകയാണ് പുതുതായി കയറിയ യാത്രക്കാര്‍. ഇടനാഴിയിലെ തിക്കും തിരക്കും ഗൗനിക്കാതെ അനായാസം നടന്നുനീങ്ങുന്ന കച്ചവടക്കാര്‍.
മാര്‍ബിള്‍ കഷണങ്ങള്‍ കൈവിരലുകള്‍ക്കിടയില്‍ വെച്ച് അതില്‍ താളം പിടിച്ച് പാട്ട്പാടിക്കൊണ്ട് ഒരു നാടോടി പെണ്‍കുട്ടി കംപാര്‍ട്ട്‌മെന്റിലേക്ക് പ്രവേശിച്ചു. കൈകളിലേക്ക് വെറുതെ സൂക്ഷിച്ചുനോക്കി. അവള്‍ അത് അനായാസേന കൈകാര്യം ചെയ്യുന്നു. ഏറ്റവും പുതിയ സിനിമയിലെ ഹിറ്റ് ഗാനങ്ങളാണ് പാടുന്നത്. വാക്കുകള്‍ മിക്കതും തെറ്റായിരുന്നു. പ്രയോഗിക്കുന്നത് അസ്ഥാനത്തും. എന്നാല്‍ ട്രെയിന്‍ ശബ്ദത്തിന്റെ ഭൂകമ്പത്തെ അതിജീവിക്കാന്‍ തക്ക കരുത്തുള്ളതായിരുന്നു അവളുടെ ശബ്ദം.
നീണ്ടുമെലിഞ്ഞ ശരീരം, ഇതുവരെയും എണ്ണ പുരളാത്ത തലമുടി അനുസരണ തീരെയില്ലാതെ പാറിപ്പറക്കുകയാണ്. ഒരു പഴന്തുണി കീറിയെടുത്ത് മുടി പുറകില്‍ കെട്ടിയിട്ടുണ്ട്. അതില്‍ അകപ്പെട്ടത് ഏതാനും മുടിയിഴകള്‍ മാത്രം. അവളിട്ടിരിക്കുന്ന ഉടുപ്പ് അങ്ങിങ്ങായി കീറിയിട്ടുണ്ട്. അഴുക്കു പിടിച്ചതില്‍ പിന്നെ ഉടുപ്പിനും ദേഹത്തിനും ഒരേ നിറമായിരുന്നു. ഒട്ടിയ വയറും പരന്ന മാറിടവും നുണക്കുഴികളില്ലാത്ത കവിളും. കാറ്റത്ത് കണ്ണില്‍ വീണ മുടി കൈകൊണ്ടവള്‍ തട്ടിമാറ്റി.
തൊണ്ടപൊട്ടുമാറുച്ചത്തില്‍ അവള്‍ പാടുകയാണ്. വായില്‍ ഉറവയിട്ട് നിറയുന്ന ഉമിനീര്‍ ശ്രുതി തെറ്റിക്കാന്‍ തുടങ്ങിയപ്പോള്‍ ആര്‍ത്തിയോടെ കുടിച്ചുതീര്‍ത്തു.
അവിടെ മാര്‍ബിള്‍ സംഗീതത്തില്‍ ലയിച്ചിരിക്കുന്നത് ആ ബാലന്‍ തന്നെയെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. കൗതുകം നിറഞ്ഞ മുഖം. മാര്‍ബിള്‍ കഷ്ണങ്ങളുടെ താളത്തിനനുസരിച്ച് കൈകൊണ്ട് തുടയില്‍ അവനും താളമിടുന്നുണ്ട്. ഇമവെട്ടാത്ത കണ്ണുകളില്‍ അലക്ഷ്യമായി തെന്നിമാറുന്ന കറുത്ത ഗോളങ്ങള്‍. അതില്‍ പതിഞ്ഞ അവളുടെ പ്രതിബിംബം ഒരു സമസ്യയെന്നപോലെ അവന്റെ പുരികത്തില്‍ ചുളിവുണ്ടാക്കി. മുഖത്ത് നവരസങ്ങളില്‍ സമ്മിശ്രങ്ങളായ ഭാവഭേദങ്ങള്‍.
അവള്‍ അപ്പോഴും പാടിക്കൊണ്ടിരുന്നു. ഉച്ചത്തില്‍, അത്യുച്ചത്തില്‍ ...അവനിന്നുവരെ കേട്ടിട്ടില്ലാത്തതായിരിക്കും ഈ മാര്‍ബിള്‍ സ്വരങ്ങള്‍ അവന്‍ അത് നല്ലവണ്ണം ആസ്വദിക്കാന്‍ തുടങ്ങി.
ചുരുങ്ങിയ സമയത്തിനുള്ളില്‍ കുറേയേറെ പാട്ടുകള്‍ പാടിത്തീര്‍ത്ത അവള്‍ തന്റെ അടുത്ത ഊഴത്തിലേക്ക് കടന്നു. ഒരു തകരപ്പാത്രത്തില്‍ ഒന്ന് രണ്ട് നാണയത്തുട്ടുകള്‍ ഇട്ട് കിലുക്കിക്കൊണ്ട് യാത്രക്കാരെ ഓരോരുത്തരെയായി സമീപിച്ചു. ഇടയ്ക്കിടെ ബ്ലൗസിന്റെ കീഴറ്റം പൊക്കിക്കാണിക്കുന്നുണ്ടായിരുന്നു. ഒരു കൈപ്പത്തിയുടെ നീളത്തില്‍ കീറി തുന്നിയ പാട്. അതവള്‍ക്ക് പറയാനുള്ളതെല്ലാം വെട്ടിത്തുറന്നു പറയുന്നു.
''ഒരു കിഡ്‌നി... അതാരോ കൊണ്ടുപോയി.''
ആരെന്നവള്‍ക്ക് നിശ്ചയമില്ല. ചുട്ടുപഴുപ്പിച്ച ചട്ടുകത്തിനരികില്‍ അനുസരണയോടെ, വേദന കടിച്ചു കിടന്നത് മാത്രം ഓര്‍മ്മയുണ്ട്. ആ ക്രൂരദൈവങ്ങളോടുള്ള വിധേയത്വം അതവളെ ഒരു പാട്ടുകാരിയാക്കി. ഇന്നവള്‍ ഇടതടവില്ലാതെ പാടിക്കൊണ്ടിരിക്കുന്നു. ഒരു വന്‍മരത്തിന്റെ പച്ചപ്പിനായി.
ആരൊക്കെയോ അവളുടെ പാത്രത്തിലേക്ക് നാണയത്തുട്ടുകളിടുന്നുണ്ട്. ചിലര്‍ അപ്പോള്‍ മാത്രം പുറത്തേക്ക് നോക്കി ചുട്ടുപൊള്ളുന്ന പ്രകൃതിഭംഗി ആസ്വദിക്കുകയാണ്. ഇനിയും ചിലര്‍ നീലസാരിയുടെ വിടവിലൂടെ ചൂഴ്ന്നിറങ്ങി ആത്മനിര്‍വൃതി കൊള്ളുന്നു.
ഒരുവേള തനിക്കുനേരെ നീട്ടിയ പാത്രത്തിലേക്ക് അവന്‍ സൂക്ഷിച്ചുനോക്കി. ആ കണ്ണുകള്‍ നിറഞ്ഞുതുളുമ്പാന്‍ തുടങ്ങി. ശ്വാസമെടുക്കുമ്പോള്‍ മാറിടം ഉയര്‍ന്നുപൊങ്ങുന്നതും താഴ്ന്നമരുന്നതും നന്നായി കാണാം. മയില്‍പ്പീലിയില്‍ നിന്നും വര്‍ണ്ണശബളമായ പ്രകാശകിരണങ്ങള്‍. പ്രതിഫലിക്കുന്നു. കൈയിലിരിക്കുന്ന ചോക്‌ലേറ്റിലൊരെണ്ണമെടുത്ത് അവന്‍ അവളുടെ കണ്ണിലേക്ക് നോക്കി. അവനെന്തൊക്കെയോ ചോദിക്കാനും പറയാനുമുണ്ടായിരുന്നു.
''എന്നോടു ക്ഷമിക്കൂ... എനിക്ക് നിന്നെ സഹായിക്കണമെന്നുണ്ട്... ഈ മയില്‍പ്പീലി... പക്ഷേ, എന്റെ കൈകള്‍ക്ക് വിലങ്ങിട്ടപോലെ... ഞാന്‍ നിസ്സഹായനാണെന്ന് നീ മനസ്സിലാക്കിയാലും...''
''അമ്മേ...''
സാരിത്തുമ്പില്‍ ബലമായി പിടിച്ച് അമ്മയുടെ കാല്‍മുട്ടുകള്‍ക്കിടയിലേക്ക് ഒതുങ്ങി നിന്നു.
കണ്ണുനിറഞ്ഞതിന്റെ കാരണം ആ സ്ത്രീ ചോദിച്ചില്ല. ചോദിക്കണമെന്നാഗ്രഹിച്ച പോലെ അവന്‍ അവരെ നോക്കുന്നുണ്ടായിരുന്നു. അതവര്‍ ഗൗനിച്ചോ എന്നറിയില്ല.
അവന്റെ കൈകാലുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. നെറ്റിയിലും കഴുത്തിലും വിയര്‍പ്പുപൊടിഞ്ഞിരിക്കുന്നു. അവനെല്ലാവരേയും മാറിമാറി നോക്കി. ആ നോട്ടം വെറുമൊരു കൗതുകത്തിന്റേതല്ലായിരുന്നു. തുളുമ്പി നില്‍ക്കുന്ന കണ്ണുകളില്‍ ഒരായിരം ചോദ്യശരങ്ങള്‍ ബാക്കി നില്‍ക്കുന്നു.
പാല്‍പ്പല്ലില്‍ കടിച്ചമര്‍ത്തിയത് സഹതാപമോ, സഹാനുഭൂതിയോ അതോ അവന്റെ ഇന്ദ്രിയങ്ങളില്‍ വിലങ്ങിട്ട ക്രൂരവിനോദങ്ങളോടുള്ള അമര്‍ഷമോ? അവള്‍ക്ക് യജമാനനോടുള്ള വിധേയത്വം അവനറിയാമോ? ഇന്ന് വൈകുന്നേരം ചെല്ലുമ്പോള്‍ നൂറുരൂപാ തികഞ്ഞില്ലെങ്കില്‍ ചുട്ടുപഴുപ്പിച്ച കമ്പികൊണ്ട് തുടയില്‍ പൊള്ളിക്കുമെന്ന് അവള്‍ പറഞ്ഞില്ലെങ്കില്‍ അവനെങ്ങനെ അറിയാനാണ്?
അവനാ മയില്‍പ്പീലി തിരിച്ചും മറിച്ചും നോക്കി എന്ത് ചെയ്യണമെന്നറിയാതെ.
ഒരു തീരുമാനമെടുക്കും മുമ്പേ പാട്ടുപാടിക്കൊണ്ടവള്‍ അടുത്ത കംപാര്‍ട്ട്‌മെന്റിലേക്ക് പോയി. ഒരു പരാജിതന്റെ ഭാവങ്ങള്‍ ആ മുഖത്തുണ്ടോ? പരാജിതന്റെ മുഖഭാവങ്ങള്‍ക്ക് എന്താണ് പ്രത്യേകത? ദസ്തയേവ്‌സ്‌കിയെ പോലുള്ളവര്‍ എത്ര തവണ പരാജയപ്പെട്ടിരിക്കുന്നു.
പുസ്തകത്തിന്റെ പുറം ചട്ടയിലേക്ക് ഏറെ നേരം നോക്കിയിരുന്നത് അടുത്തിരിക്കുന്ന ഒരു വൃദ്ധന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
കണ്ണട മൂക്കിന്‍മേല്‍ വെച്ച് കീഴ്ത്താടി മേല്‍പ്പോട്ടുയര്‍ത്തി പുരികം വിടര്‍ത്തി ലെന്‍സിന്റെ കേന്ദ്രബിന്ദുവിലൂടെ അയാള്‍ ചിത്രത്തിലേക്ക് സൂക്ഷിച്ചുനോക്കി. അടുത്ത നിമിഷം മുഖം തിരിക്കുകയും കണ്ണട തിരികെ പോക്കറ്റിലിടുകയും ചെയ്തു.
അയാള്‍ക്ക് ദസ്തയേവ്‌സ്‌കിയെ അറിയാമായിരിക്കും. കൈവിരല്‍ ചുണ്ടോട് ചേര്‍ത്ത് പിടിച്ച് ഒരു കോട്ടുവാ ഇട്ടു. ഇത്രയും വലിയ നീരസം.
നീല പൊത്തിയ പരാജയങ്ങള്‍ ഏറ്റുവാങ്ങുമ്പോഴും ദസ്തയേവ്‌സ്‌കി കോട്ടുവാ ഇട്ടിരുന്നില്ല.
അടുത്ത സ്റ്റേഷനത്തുമ്പോഴേക്കും ട്രെയിന്‍ ഏറെ ദൂരം ഓടിയതായി തോന്നി. ദാഹവും ക്ഷീണവും അസഹ്യമായിരുന്നു. കുപ്പിയില്‍ വെള്ളമെടുക്കാനായി പ്ലാറ്റ്‌ഫോമിലേക്കിറങ്ങി. യാത്രക്കാരുടെ നല്ല തിരക്ക്. ഉച്ചഭാഷിണിയിലൂടെ പുറത്തുവരുന്ന അനൗണ്‍സ്‌മെന്റ്. കേട്ടപാതി കേള്‍ക്കാത്ത പാതി പ്ലാറ്റ്‌ഫോമിലൂടെ ചിതറിയോടുന്ന യാത്രക്കാര്‍.
ദൂരെ ഒരു നീലസാരിത്തുമ്പു പിടിച്ചു നടക്കുന്ന കൊച്ചുബാലന്‍.
അവനിടയ്ക്കിടെ തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നു. തണുത്ത വെള്ളത്തില്‍ മുഖം കഴുകി കുപ്പിയില്‍ വെള്ളവുമെടുത്ത് വണ്ടിയിലേക്ക് കയറി. സീറ്റില്‍ ഒഴിഞ്ഞ ഒരിടത്ത് കണ്ടു ഒരു മയില്‍പ്പീലിയും ഒരു ചോക്‌ലേറ്റും. ജനലിലൂടെ പുറത്തേക്ക് നോക്കി. മാറിമാറി വരുന്ന ഫ്രെയിമുകള്‍ക്കിടയിലൂടെയും, തിരിഞ്ഞു നോക്കിക്കൊണ്ടവന്‍ നടന്നകലുന്നത് കാണാന്‍ കഴിഞ്ഞു.
ഇവിടെ മയില്‍പ്പീലിയില്‍ നിന്നും വായുവില്‍ വര്‍ണ്ണവിസ്മയം തീര്‍ത്തുകൊണ്ട് ചിതറിത്തെറിക്കുന്ന പ്രകാശകിരണങ്ങള്‍ - അതിന് ഒരു മാര്‍ബിള്‍ സംഗീതത്തിന്റെ കൂടി സൗന്ദര്യമുണ്ടായിരുന്നു; ഒരു താരാട്ടിന്റെ നൈര്‍മ്മല്യമുണ്ടായിരുന്നു.